സമയം 1 .30 ആകുന്നു .അയാള്‍ എഴുത്ത് നിര്‍ത്തി കട്ടിലേയ്ക്ക് നോക്കി .
ജാനകി ഉച്ച മയക്കത്തിലാണ് ..കുറച്ചു നേരം അവളെത്തന്നെ നോക്കിയിരുന്നു ..ചോരയും നീരും വറ്റിയ ആ ശരീരം തന്‍റെ ജാനകി തന്നെയാണോ ?? കുറച്ചു കാലങ്ങളായി താനവളെ ശ്രദ്ധിക്കാറില്ല എന്ന് അയാള്‍ സങ്കടത്തോടെ ഓര്‍ത്തു... തുളസി കതിരിന്‍റെ നൈര്‍മല്യവും പനിനീര്‍ പൂവിന്റെ സുഗന്ധവും എന്ന് താന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്ന ജീവനാണോ ഈ കിടക്കുന്നത്?ജീവിതമെന്ന നാടകം അവളെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു....എന്നിട്ടും അവള്‍ അരങ്ങില്‍ അവളുടെ വേഷം ഭംഗിയായി ആടുന്നു ..
വിഷമിക്കേണ്ട എല്ലാം ശരിയാവും എന്ന് ഒരു ചെറു പുഞ്ചിരിയോടെ അവള്‍ പറയുമ്പോള്‍ അയാള്‍ അത്ഭുതപെടാറുണ്ട് ..ഒന്നും ഇനി ശരിയാവില്ല എന്ന് അറിഞ്ഞിട്ടും എങ്ങിനെ അവള്‍ക്ക് ദുഃഖ ങ്ങള്‍ മറച്ചു പിടിച്ച് ചിരിക്കാന്‍ കഴിയുന്നു?ഇതു സ്ത്രീയുടെ മാത്രം വിശേഷ കഴിവാണോ ?
അവളുടെ കിടപ്പു കണ്ടപ്പോള്‍ അയാള്‍ക്ക് അസൂയ തോന്നി .. ചുറ്റും നടക്കുന്നതില്‍ നിന്നും എല്ലാം താല്‍കാലിക മോക്ഷം നേടിയ വിജയിഭാവം അവളുടെ മുഖത്തുണ്ടോ ?
ഉറക്കം ഹ്രസ്വമരണമാണെന്ന് എവിടേയോ വായിച്ചതപ്പോള്‍ ഓര്‍ത്തു പോയി.
കുറച്ചു കാലമായി നിദ്രാദേവി തന്നെ അനുഗ്രഹിച്ചിട്ട് ..
മിഴികള്‍ അറിയാതെ അടഞ്ഞു പോയാല്‍ ഫണം വിടര്‍ത്തിയാടുന്ന വിഷനാഗങ്ങളുടെ ദംശനം അതുമല്ലെങ്കില്‍ ഭയപ്പെടുത്തുന്ന രൂപമില്ലാത്ത ഒരു തണുത്ത മരവിപ്പിക്കുന്ന ആലിംഗനം ..
എത്രയോവട്ടം ഞെട്ടി എണീറ്റിരിക്കുന്നു ...!!
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അയാള്‍ അങ്ങനെ ആയിരുന്നില്ല ..സ്വപ്നങ്ങള്‍ എന്നുമെന്നും ഓര്‍ക്കാന്‍ ഇഷ്ടപെടുന്ന ഒരു നല്ല വസന്തകാലമാണ് അയാള്‍ക്ക് സമ്മാനിച്ചിരുന്നത് ..മൂടല്‍ മഞ്ഞു പുണര്‍ന്ന പുലരിയായും, ദേവോദ്യാനമായുമെല്ലാം സ്വപ്നങ്ങള്‍ എന്നും അയാളെ സുഖ സുഷുപ്തിയിലെക്കു കൂട്ടി കൊണ്ടുപോയി .ആ സ്വപ്നങ്ങളിലെല്ലാം ജാനകിയും അമ്മുവും അയാള്‍ക്ക് കൂട്ടിണ്ടായിരുന്നു .
അയാള്‍ മെല്ലെ ജനലരികിലേക്ക് നീങ്ങി ..
ആ മുത്തശ്ശി മാവ് തന്നെതന്നെയാണോ നോക്കുന്നത്?അങ്ങിനെ തോന്നുന്നു .
ഓര്‍മ വച്ചകാലം മുതല്‍ കാണുന്നു ...ഇപ്പോ എത്ര പ്രായം ആയിട്ടുണ്ടാവും?
ആദ്യമായി മരം കയറാന്‍ പഠിച്ചത് ഈ മുത്തശ്ശി യുടെ കൈകളില്‍ ചവിട്ടിയായിരുന്നു ..മുത്തശ്ശിയുടെ കരുതലോടെ ആ കൈകള്‍ തന്നെ താങ്ങിയിരുന്നു..
ആദ്യമായി വിടര്‍ന്ന അനുരാഗത്തിന്ന് സാക്ഷിയായതും ഈ മുത്തശ്ശി യായിരുന്നു ..പിന്നീട് അവള്‍ തന്നെ തന്‍റെ അര്‍ദ്ധാംഗിനിയായതും കാലത്തിന്‍റെ കുസൃതിയായിരുന്നു ..
അയാള്‍ പതിയ തിരിഞ്ഞു ജാനകിയെ നോക്കി...
നല്ലഉറക്കത്തിലാണ്..അവളുടെ മുഖത്ത് പതുക്കെ അധരം കൊണ്ട് ചിത്രം വരക്കണം എന്ന് തോന്നി അയാള്‍ക്ക് ..
വേണ്ട.. ഉണര്‍ത്തണ്ട ...പാവം സമാധാനത്തോടെ ഉറങ്ങിക്കോട്ടെ ..
അയാള്‍ വീണ്ടും പുറത്തേക്കു നോക്കി ..
കുറച്ചകലെ തന്‍റെ മണ്ണ് ...
ഒരു നെരിപ്പോട് എന്നത്തേയും പോലെ വീണ്ടും തന്‍റെ നെഞ്ചില്‍ കത്തിയെരിയുന്നത് അയാളറിഞ്ഞു ..കെടുത്തുവാന്‍ ശ്രമിക്കുമ്പോളെല്ലാം ആളി കത്തുന്ന അഗ്നികുണ്ഠമായി മാറിയത് ...
അമ്മുവിന്‍റെ കൈയിലുള്ള ഭൂപടം പോലെ തോന്നി വിണ്ടുകീറിയ ആ മണ്ണ് അയാള്‍ക്കപ്പോള്‍ ...
ഒരിക്കല്‍ ഈ മണ്ണ് തനിക്ക് കാമധേനുവായിരുന്നു ..ചോദിച്ചതെല്ലാം വാരി കോരി തന്നിരുന്ന കാമധേനു ...ഇന്നതിന്‍റെ യൌവനം നശിച്ച് വാര്‍ദ്ധക്യം നരകേറിയിരിക്കുന്നു..
മണ്ണ് ചതിക്കില്ല എന്ന് അച്ഛന്‍ പറഞ്ഞു പഠിപ്പിച്ചിരുന്നത് വെറുതയായിരുന്നോ എന്നു തോന്നിപോവുന്നു ...
ശരിക്കും ചതിച്ചതാരാണ് ?
പ്രകൃതിയുടെ ഭാവ മാറ്റമോ അതോ കാലത്തിനനുസരിച്ച മാറ്റം ഉള്‍കൊള്ളാന്‍ കഴിയാത്ത തന്‍റെ മനസ്സോ?
കടം പെരുകുമ്പോഴും തന്‍റെ ഹൃദയ മിടിപ്പായ മണ്ണില്‍ വിഷകൂട്ട് തളിക്കാന്‍ മനസ്സ് വന്നില്ല..പോറ്റമ്മയായ ആ മണ്ണിനെ എങ്ങനെ സ്വൊന്തം കൈയാല്‍ കൊല്ലും ? മണ്ണില്‍ തന്നെ തന്നെ സ്വയം സമര്‍പ്പിച്ചു ..എന്നിട്ടും...
അയാള്‍ മേശ വലിപ്പില്‍ നിന്നും ജെപ്തി നോട്ടീസ് എടുത്തു തുറന്നു നോക്കി..
എല്ലാം കൈവിട്ടു പോകുന്നു ..മണ്ണ്...വീട് ...എല്ലാം ...എല്ലാം....
അണ വിട്ടു പുറത്തേക്കു ഒഴുകുവാന്‍ വെമ്പിയ കരച്ചില്‍ അയാള്‍ പിടിച്ചു നിര്‍ത്തി...എന്നിട്ടും കണ്ണുകള്‍ നിയന്ത്രണം വിട്ടു നിറഞ്ഞു ഒഴുകി ....
ശബ്ദം കേട്ടാല്‍ ജാനകി ഉണരും ...
അയാള്‍ കണ്ണ് തുടച്ചു...
ക്ലോക്കിലേക്ക് നോക്കി ..സമയം 2.40..ഈ പൊയ്മുഖം ചീന്തിയെറിയാന്നുള്ള സമയം അതിക്രമിച്ചിരിക്കുന്നു ...നിനവുകളെ ഹൃദയ ഭാണ്ഡത്തില്‍ കെട്ടിവച്ച് അയാള്‍ വേഗം മേശ പുറത്തു എഴുതി വച്ചിരുന്ന കുറിപ്പെടുത്ത് പോക്കറ്റിലിട്ടു ..ജാനകി കാണാതെ വാങ്ങി കട്ടിലിനടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന പുതിയ കയര്‍ എടുത്തു പതിയെ മുത്തശ്ശി മാവിനെ ലക്ഷ്യമാക്കി നീങ്ങി...
സ്വപ്നങ്ങളിലാത്ത ദീര്‍ഘ സുഖനിദ്രയിലേക്ക് .....