Sunday 16 June 2013

പാത്തുമ്മയുടെ ടി ബികൾ

 

                     



ഇ-മഷിയിൽ എട്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

                                     
                                     

                             


"ന്നെ ങ്ങട്ട് എടുത്തോളി ന്റെ പടച്ചോനേ "
പൂമുഖത്തേക്ക് കയറിയതും പാത്തുമ്മ യുടെ കരച്ചിൽ കേട്ട് അയാളൊന്ന് ഞെട്ടാതിരുന്നില്ല .
ന്തേ ന്താ ണ്ടായേ  ?"
"ങ്ങക്ക് ന്നോട് ത്തിരിയേലും സ്നേഹണ്ടോ ? അതെങ്ങനയാ ങ്ങക്ക് ചോറും കൂട്ടാന്നും ബക്കാൻ മാത്രോനല്ലോ മ്മള് ... " പാത്തുമ്മ ശക്തിയായി മൂക്ക് ചീറ്റി തട്ട തലപ്പ്‌ കൊണ്ട് മൂക്കും കണ്ണും തുടച്ചു .
യ്യ് മനുശനെ എടങ്ങാറ് ആക്കാണ്ടെ കാര്യം പറ പാത്തുമ്മ .. "
അയാൾ അക്ഷമനായി ..
ന്നാലും ഇത്രേ കാലായിട്ട് ങ്ങക്ക് അത് തോന്നിലല്ലോ .. ഇതില് ബേദം ക്ക് കൊറച്ച്  ബെസം  ബാങ്ങി തരായിരുന്നു ങ്ങക്ക് "
അന്ന് വരെ ചെയ്ത എല്ലാ മഹാപാതകങ്ങളും റിവൈണ്ട്  അടിച്ച്  അയാളുടെ മനസ്സിൽ കൂടി കടന്നു പോയി . ഇതിൽ ഏതായിരിക്കും പാത്തുമ്മ അറിഞ്ഞിട്ടു ഉണ്ടാവുക . ഒരു നിമിഷം തൊണ്ടയിലെ വെള്ളം വറ്റിയ പോലെ തോന്നി അയാൾക്ക്   . കു റച്ചു വെള്ളം ചോദിച്ചാലോ ? വേണ്ട സന്ദർഭം  മോശമാണ് . തൽകാലം അയാൾ  ഉമിനീരു ഇറക്കി ദാഹം തീർത്തു . എന്നാലും എതായിരിക്കും അറിഞ്ഞിട്ടുണ്ടാവുക .. ചോദിക്കുക തന്നെ ..
"ആദ്യം യ്യ് കരച്ചില് നിർത്ത് ..ന്നട്ട് കാര്യം പറ ""
ശബ്ദം മയപെടുത്തി അയാൾ പാത്തുമ്മ യോട് പറഞ്ഞു  .
ഈ പെരല് ഒര് ടി ബി ണ്ടോ ?ങ്ങള് പറ "
"ന്ത്‌ ?"
അയാൾ വാ പൊളിച്ചു
"ങ്ങള് ന്താ മൻസാ  കുന്തം ബിയുങ്ങിയ പോലെ നിക്കണെ ?ഞാ പറേണ   ബലതും ഇങ്ങള് കേട്ടോ ?"
അയാളുടെ തോളത്ത് പിടിച്ചു കുലുക്കി കൊണ്ട് പാത്തുമ്മ ചൊദിച്ചു .
ആ ചോദ്യം അയാളെ സംഭവ സ്ഥലത്തേക്ക് കൊണ്ട് വന്നെങ്കിലും സംശയം പിന്നെയും ബാക്കിയായി .
"ന്റെ പാത്തുമ്മ പിന്നെ ആ ഇരിക്കുന്നത് എന്താ  ടി ബി അല്ലെ ?"
"ആ ടി ബി അല്ല . കൊറേ ടി ബി ബരൂലെ അത് .. "
"കൊറേ ടി ബി യോ ? അതെന്താ ന്റെ റബ്ബേ "
അയാൾ അന്തം വിട്ടു പാത്തുമ്മയുടെ മുഖത്തേക്ക് നോക്കി .
"ങ്ങളെ ന്താ  പൊട്ടൻ കടിച്ചോ ?"അല്ലേല്ലും ഞാ ന്ത് പറഞ്ഞാലും ങ്ങല്ക്ക് പിടികൂലല്ലോ .."
വീണ്ടും കൊടുംകാറ്റും പേമാരിക്കും ഉള്ള സാധ്യത ഒരു വിദഗ്ദ  കാലാവസ്ഥ നിരീക്ഷകന്റെ പാടവത്തോട് കൂടി അയാൾ മനസ്സിൽ ആക്കി .
"ക്ക് സത്യായിട്ടും പുടി കിട്ടിട്ട്ല്ല ന്റെ പാത്തുമ്മ "
അയാൾ പാത്തുമ്മ യുടെ തലയിൽ കൈവച്ചു പറഞ്ഞു
"അല്ലേല്ലും ഇപ്പോ ഞാ ബരേനെ ഒന്നും  ങ്ങക്ക് പുടി കിട്ടാറിലല്ലോ ?"
"ഒരറ്റ കീറ് വച്ച് തരും മ്മള് .. കാര്യം പറയടി "
അയാളുടെ ക്ഷമ യുടെ കടിഞ്ഞാണ്‍ വിട്ടു .
"ന്ന ന്നെ ണ്ട് തല്ലി കൊന്നോള്ളി .. കൊല്ലി .. കൊല്ലിന്ന്  .. "
നെഞ്ചത്ത് രണ്ട് കൊട്ടും  മൂക്ക് ചീറ്റലു മായി അയാൾക്ക്‌ നേരെ പാത്തുമ്മ പാഞ്ഞടുത്തു .
രംഗം പന്തിയല്ല എന്ന് മനസിലായതോടെ അയാൾ പതുക്കെ മനസ് ശാന്തമാക്കി .
"യ്യ് പറ ഏത്  ടി ബി യാ അനക്ക് ബേണ്ടെ ?"
"ബടെ മ്മളെ സാന്തേന്റെ പൊരേല് പുതേ ടി ബി വന്ക്കുണ് .. അയില്  കൊറേ സിനിമേം പാട്ടും ഒക്കെ കാണാ . "ങ്ങക്ക് ഇസ്റ്റല്ല പന്ത് കളിം അയില് ണ്ട് "
അയാളെ ഒന്ന് സുഖിപ്പിച്ചു പാത്തുമ്മ .
"കേബിൾ ടി വി ആണോ യ്യ് പറയണേ "
"ആ അതെന്നെ അതെന്നെ .. "
പാത്തുമ്മ കണ്ണ് തുടച്ചു
ആയിനാണോ യ്യ് ഇത്രയും എടങ്ങാറ് ണ്ടാക്ക്യെ ?"
ഓളെ പെരേല്  ടി ബി ബാങ്ങ്യ  ന്റെ പെരേലും ബേണ്ടെ ?"
സ്ത്രീ കളുടെ സ്വോത്സിദ്ധമായ സ്വോഭാവത്തോട് കൂടി പാത്തുമ്മ മൊഴിഞ്ഞു .
"ഓളെ പെരേല് കെട്ടിക്കാൻ പ്രായത്തില് ഒരുത്തിണ്ട് .. അത് ബച്ചിട്ടു അന്നെ ഒന്നൂടി കെട്ടിക്കാൻ പറ്റോ പാത്തുമ്മ ?"
അയാള്ക്ക് ചിരി അടക്കാൻ ആയില്ല ..
"ങ്ങള് ന്ത്‌ ബേണ്ടാ തീനാ ന്നും  പറയ്‌ന് .. "
പാത്തുമ്മ മുഖം ചുളിച്ചു .
"അല്ല ബടെ കെട്ടിക്കാൻ പ്രായത്തില് യ്യ് മാത്രല്ലേ ള്ളൂ .. "
അയാൾ പൊട്ടിച്ചിരിച്ചു  .
"ന്തായാലും ന്റെ ബീവിന്റെ പൂതി സാധിപ്പിച്ചു തരുന്നതിലല്ലെ  ന്റെ സന്തോസം .. നാളെ തന്നെ അന്റെ കൊറേ ടി ബി ഇവിടെ എത്തും  പോരെ .. "
അയാൾ സ്നേഹത്തോടെ അവളുടെ കവിളിൽ നുള്ളി .
"ങ്ങക്ക് ബെസക്ക് ന് ല്ലേ ? കയ് ച്ചിലല്ലോ ? കഞ്ഞി എടുത്തു വെക്കാ .. കുളിച്ചിട്ട് ബരി .. "
മറുപടിക്ക് കാത്തു നില്ക്കാതെ പാത്തുമ്മ കഞ്ഞി എടുക്കാനായി അടുക്കളയിലേക്ക് പൊയി.
ഒരു ചെറു പുഞ്ചിരി യോടെ അയാൾ കുളിമുറിയിലേക്കും ..




Friday 22 February 2013

ഞാന്‍












ഇതു കാലമെന്ന രണാങ്കണം ..

ഞാനതിലെ പോരാളി .

ജീവിതം യാഥാര്‍ത്ഥ്യമെന്ന അസ്ത്രം തൊടുക്കുന്നു ...

ഞാനോ മിഥ്യയെന്ന പരിചയാല്‍ തടുക്കുന്നു ..

ആത്മ ബലി നടന്നിരിക്കുന്നു 

ഇവിടെയെന്‍ മനതാരില്‍ 

ഇതെന്‍ വേഷം മാത്രം . 

കണ്ടാര്‍ത്തു അട്ടഹസിക്കാതെ ഹേ ജീവിതമേ  ..


ഭവാന്‍ തന്‍ പാദസ്പര്‍ശം കൊതിക്കും 

അഹല്യയാണിന്നു ഞാന്‍

യുഗങ്ങളിനിയെത്ര  കാക്കണമെന്‍ മോക്ഷത്തിനായി 

ആദിത്യ കിരണങ്ങള്‍ ഏറ്റു ഞാന്‍ തളരുന്നു 

വജ്രായുധം തൊടുക്കുന്നു ഇന്ദ്രന്‍ 

 മഴമേഘങ്ങള്‍ ശരങ്ങള്‍ ഉതിര്‍ക്കുന്നു  

വസന്തം ,ശിശിരം  പിന്നെ വര്‍ഷം ,

കാലം തന്‍ആടകള്‍ മാറുന്നു .. 

ശിലയെങ്കിലും എനിക്കുമൊരു

മനമുണ്ടെന്നോര്‍ക്കുക  യുഗമേ .. 

ഋതുക്കള്‍ കൊഴിയുന്നത് ഞാനറിയുന്നു 

പുതിയ നാമ്പുകള്‍ പിറക്കുന്നതും അറിയുന്നു 

എന്നിട്ടും എന്‍ ഭവാന്‍ മാത്രം 

എന്തേ അണയുന്നില്ല 


സാഗരസംഗമം കൊതിച്ചിരിന്നു ഞാന്‍ 

വറ്റി വരണ്ടിരിക്കുന്നു ഞാനെന്ന നദി 

ചത്തൊടുങ്ങിയിരിക്കുന്നു എന്നിലെ മോഹങ്ങള്‍ 

ഇനിയൊരു സാഗര സംഗമം അതെനിക്കിനി  അന്യമോ ?


മോക്ഷമരുളിയാലും എന്‍ പ്രാണനാഥാ

താമസമരുതേ  ഇനിയും ..






Sunday 17 February 2013

ഒരു 1950 മലപ്പുറം ലവ് സ്റ്റോറി

" ജ്ജ് ന്‍റെ  ഖല്ബാണ്...."
അയാള്‍ അവളുടെ കണ്ണുകളില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു ...

"ക്ക്  നാണാവ്ണ്.."
അവള്‍ ലജ്ജയോടെ കണ്ണുപൊത്തി.

"തിലെന്താ ത്ര നാണിക്കാന്‍ ?"
അവളുടെ കൈകള്‍ മാറ്റികൊണ്ട് അയാള്‍ ചോദിച്ചു ..
.
"ന്നാലും .."
 ലജ്ജയോടെ അവള്‍ തല താഴ്ത്തി.

"ന്നാ ശരി ഞാമ്പോവാണ്...'
അയാള്‍ പുറം തിരിഞ്ഞു നിന്നു.

"നിക്കിങ്ങള് .."അവള്‍ അയാളുടെ കൈ പിടിച്ചു .
അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി .
കുറച്ചു നേരം രണ്ടുപേരും പരസ്പരം മറന്നു അങ്ങിനെ നിന്നു ..

"ങ്ങളോട് മ്ലൊരു കാരിയം ചോയിക്കട്ടെ ?
ഒടുവില്‍  അവനോടു  അവള്‍ ചോദിച്ചു .

"ചോയിച്ചോ.."

"ങ്ങക്ക് ദേസിയം വരോ ?"

"ജ്ജ്  ചോയിക്ക്ണ്ടെങ്കി ചോയിക്ക്‌ .."അയാള്‍ ദേഷ്യപ്പെട്ടു.

"ന്ന മ്മള് ചോയിക്കുന്നില്ല.."
അവള്‍ കെറുവിച്ചു

അയാള്‍ വന്ന ദേഷ്യം കടിച്ചമര്‍ത്തി മുഖത്ത് ചിരി വരുത്തി പറഞ്ഞു ..
"ജ്ജ് ന്‍റെ  ഖല്ബല്ലേ ജ്ജ്  ചോയിക്ക്‌ .. "

"ങ്ങളെ ഖല്‍ബില് ഞാനെത്താ ചെയ്നെ?"

"അനക്കറിയില്ലേ? "
അയാള്‍ അത്ഭുതം കൂറി ..
"ജ്ജ് അബടെ ഇര്ന്ന്‍ പത്തിരീം കോയികരീം ണ്ടാക്കണ്ണ്‍ .."

" പിന്നെ ..ക്ക് പ്പോ അബടെ രുന്ന്‍ണ്ടാക്കാഞ്ഞിട്ടാ ..ഇങ്ങള് ആളെ എടങ്ങാറാക്കാണ്ടേ പൊയികോളി..."
അവള്‍ മുഖം കോട്ടി.

"അപ്പൊ അനക്ക് ദൊന്നും അറിയൂലാ..? "
അയാള്‍ അവളെ കളിയാക്കി ചിരിച്ചു..

"ന്ത്‌ ..?"
അവള്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കി പുരികം ഒടിച്ചു.

"ബെറ്തെല്ല അന്നെല്ലാവരും പൊട്ടത്തിന്ന് വിളിക്ക്ന്നത് ..
ഡി ..ആണിന്‍റെ ഖല്ബിക്ക്ള്ള വഴി ഓന്‍റെ പളേള കൂടിയാണ് ന്ന് ജ്ജ് കേട്ടിട്ടില്ലേ? അതെങ്ങെനെ അനക്ക് വല്ല വികരന്ടെങ്കിലല്ലേ?"

"തന്നേ..ക്ക് അറിയണ്ടേ ?മ്മള് അതിന് കൂളില്പോയിട്ടില്ലല്ലോ ?
അവള്‍ സങ്കടപ്പെട്ടു ...
പെട്ടന്ന് തന്നെ ആ സങ്കടം സന്തോഷത്തിലേക്ക് വഴി മാറി.
"ന്നാലും ക്ക് പെരുത്ത്‌ സന്തോസായി ...ഇപ്പോക്ക് ഉറപ്പയിനു ങ്ങളെ ഖല്‍ബില് മ്മള്ളാന്ന്ന്നു..ന്നി ങ്ങള് അടിച്ചിറക്കിയാലും ഞാമ്പുവൂലാന്ന്‍ ..ന്താ ന്നറിയ്യോ? ന്നെ പോലെ പത്തിരീം കോയികരീം ണ്ടാക്കാന്ന് ഈ മലപ്പുറം രാജ്യത്ത് മ്മള് മാത്രേള്ള് .."
ഒരു യുദ്ധം ജയിച്ച പോരാളിയുടെ സന്തോഷത്തോടെ അവള്‍ അവനെ പുണര്‍ന്നു .




Friday 15 February 2013

നിദ്ര

സമയം 1 .30 ആകുന്നു  .അയാള്‍ എഴുത്ത് നിര്‍ത്തി കട്ടിലേയ്ക്ക് നോക്കി .
ജാനകി ഉച്ച മയക്കത്തിലാണ് ..കുറച്ചു നേരം അവളെത്തന്നെ നോക്കിയിരുന്നു ..ചോരയും നീരും വറ്റിയ ആ ശരീരം തന്‍റെ ജാനകി തന്നെയാണോ ??  കുറച്ചു കാലങ്ങളായി താനവളെ  ശ്രദ്ധിക്കാറില്ല എന്ന് അയാള്‍ സങ്കടത്തോടെ ഓര്‍ത്തു... തുളസി കതിരിന്‍റെ നൈര്‍മല്യവും പനിനീര്‍ പൂവിന്റെ സുഗന്ധവും എന്ന് താന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്ന ജീവനാണോ ഈ കിടക്കുന്നത്?ജീവിതമെന്ന നാടകം  അവളെ വല്ലാതെ  തളര്‍ത്തിയിരിക്കുന്നു....എന്നിട്ടും അവള്‍ അരങ്ങില്‍ അവളുടെ വേഷം ഭംഗിയായി ആടുന്നു ..
വിഷമിക്കേണ്ട എല്ലാം ശരിയാവും എന്ന് ഒരു ചെറു പുഞ്ചിരിയോടെ അവള്‍ പറയുമ്പോള്‍ അയാള്‍ അത്ഭുതപെടാറുണ്ട് ..ഒന്നും ഇനി ശരിയാവില്ല എന്ന് അറിഞ്ഞിട്ടും എങ്ങിനെ അവള്‍ക്ക് ദുഃഖ ങ്ങള്‍ മറച്ചു പിടിച്ച് ചിരിക്കാന്‍  കഴിയുന്നു?ഇതു സ്ത്രീയുടെ മാത്രം വിശേഷ കഴിവാണോ ?

 അവളുടെ കിടപ്പു കണ്ടപ്പോള്‍ അയാള്‍ക്ക്‌ അസൂയ തോന്നി .. ചുറ്റും നടക്കുന്നതില്‍ നിന്നും എല്ലാം താല്‍കാലിക മോക്ഷം നേടിയ വിജയിഭാവം അവളുടെ മുഖത്തുണ്ടോ ?
ഉറക്കം ഹ്രസ്വമരണമാണെന്ന് എവിടേയോ വായിച്ചതപ്പോള്‍ ഓര്‍ത്തു പോയി.

കുറച്ചു കാലമായി നിദ്രാദേവി തന്നെ അനുഗ്രഹിച്ചിട്ട് ..
മിഴികള്‍ അറിയാതെ അടഞ്ഞു പോയാല്‍ ഫണം വിടര്‍ത്തിയാടുന്ന വിഷനാഗങ്ങളുടെ ദംശനം അതുമല്ലെങ്കില്‍ ഭയപ്പെടുത്തുന്ന രൂപമില്ലാത്ത ഒരു തണുത്ത മരവിപ്പിക്കുന്ന ആലിംഗനം ..
എത്രയോവട്ടം ഞെട്ടി എണീറ്റിരിക്കുന്നു ...!!

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അയാള്‍  അങ്ങനെ ആയിരുന്നില്ല ..സ്വപ്നങ്ങള്‍  എന്നുമെന്നും ഓര്‍ക്കാന്‍ ഇഷ്ടപെടുന്ന ഒരു നല്ല വസന്തകാലമാണ്‌ അയാള്‍ക്ക് സമ്മാനിച്ചിരുന്നത് ..മൂടല്‍ മഞ്ഞു പുണര്‍ന്ന പുലരിയായും, ദേവോദ്യാനമായുമെല്ലാം സ്വപ്നങ്ങള്‍ എന്നും അയാളെ സുഖ സുഷുപ്തിയിലെക്കു  കൂട്ടി കൊണ്ടുപോയി .ആ സ്വപ്നങ്ങളിലെല്ലാം ജാനകിയും അമ്മുവും അയാള്‍ക്ക് കൂട്ടിണ്ടായിരുന്നു .

അയാള്‍ മെല്ലെ ജനലരികിലേക്ക് നീങ്ങി ..
ആ മുത്തശ്ശി മാവ് തന്നെതന്നെയാണോ നോക്കുന്നത്?അങ്ങിനെ തോന്നുന്നു .
ഓര്‍മ വച്ചകാലം മുതല്‍ കാണുന്നു ...ഇപ്പോ എത്ര പ്രായം ആയിട്ടുണ്ടാവും?

ആദ്യമായി മരം കയറാന്‍ പഠിച്ചത് ഈ മുത്തശ്ശി യുടെ കൈകളില്‍ ചവിട്ടിയായിരുന്നു ..മുത്തശ്ശിയുടെ കരുതലോടെ ആ കൈകള്‍ തന്നെ താങ്ങിയിരുന്നു..
 ആദ്യമായി വിടര്‍ന്ന അനുരാഗത്തിന്ന് സാക്ഷിയായതും ഈ മുത്തശ്ശി യായിരുന്നു ..പിന്നീട് അവള്‍ തന്നെ തന്‍റെ അര്‍ദ്ധാംഗിനിയായതും കാലത്തിന്‍റെ  കുസൃതിയായിരുന്നു ..
അയാള്‍ പതിയ തിരിഞ്ഞു ജാനകിയെ നോക്കി...
നല്ലഉറക്കത്തിലാണ്..അവളുടെ മുഖത്ത്  പതുക്കെ അധരം കൊണ്ട് ചിത്രം വരക്കണം എന്ന് തോന്നി അയാള്‍ക്ക് ..
വേണ്ട.. ഉണര്‍ത്തണ്ട ...പാവം സമാധാനത്തോടെ ഉറങ്ങിക്കോട്ടെ ..

അയാള്‍ വീണ്ടും പുറത്തേക്കു നോക്കി ..
കുറച്ചകലെ തന്‍റെ  മണ്ണ് ...
ഒരു നെരിപ്പോട് എന്നത്തേയും പോലെ വീണ്ടും തന്‍റെ  നെഞ്ചില്‍ കത്തിയെരിയുന്നത്‌ അയാളറിഞ്ഞു ..കെടുത്തുവാന്‍ ശ്രമിക്കുമ്പോളെല്ലാം ആളി കത്തുന്ന അഗ്നികുണ്ഠമായി മാറിയത് ...
അമ്മുവിന്‍റെ കൈയിലുള്ള ഭൂപടം പോലെ തോന്നി വിണ്ടുകീറിയ ആ മണ്ണ് അയാള്‍ക്കപ്പോള്‍ ...

ഒരിക്കല്‍ ഈ മണ്ണ് തനിക്ക് കാമധേനുവായിരുന്നു ..ചോദിച്ചതെല്ലാം വാരി കോരി തന്നിരുന്ന കാമധേനു ...ഇന്നതിന്‍റെ  യൌവനം നശിച്ച് വാര്‍ദ്ധക്യം നരകേറിയിരിക്കുന്നു..
മണ്ണ് ചതിക്കില്ല എന്ന് അച്ഛന്‍ പറഞ്ഞു പഠിപ്പിച്ചിരുന്നത് വെറുതയായിരുന്നോ എന്നു തോന്നിപോവുന്നു ...

ശരിക്കും ചതിച്ചതാരാണ് ?
പ്രകൃതിയുടെ ഭാവ മാറ്റമോ അതോ കാലത്തിനനുസരിച്ച മാറ്റം ഉള്‍കൊള്ളാന്‍ കഴിയാത്ത തന്‍റെ മനസ്സോ?

കടം പെരുകുമ്പോഴും തന്‍റെ ഹൃദയ മിടിപ്പായ മണ്ണില്‍ വിഷകൂട്ട്‌ തളിക്കാന്‍ മനസ്സ് വന്നില്ല..പോറ്റമ്മയായ ആ മണ്ണിനെ എങ്ങനെ സ്വൊന്തം കൈയാല്‍ കൊല്ലും ? മണ്ണില്‍ തന്നെ തന്നെ സ്വയം സമര്‍പ്പിച്ചു ..എന്നിട്ടും...

അയാള്‍ മേശ വലിപ്പില്‍ നിന്നും ജെപ്തി നോട്ടീസ് എടുത്തു തുറന്നു നോക്കി..
എല്ലാം കൈവിട്ടു പോകുന്നു ..മണ്ണ്...വീട് ...എല്ലാം ...എല്ലാം....
അണ വിട്ടു പുറത്തേക്കു ഒഴുകുവാന്‍ വെമ്പിയ കരച്ചില്‍ അയാള്‍ പിടിച്ചു നിര്‍ത്തി...എന്നിട്ടും കണ്ണുകള്‍ നിയന്ത്രണം വിട്ടു നിറഞ്ഞു ഒഴുകി ....
ശബ്ദം കേട്ടാല്‍ ജാനകി ഉണരും ...
അയാള്‍ കണ്ണ് തുടച്ചു...

ക്ലോക്കിലേക്ക് നോക്കി ..സമയം 2.40..ഈ പൊയ്മുഖം ചീന്തിയെറിയാന്നുള്ള സമയം അതിക്രമിച്ചിരിക്കുന്നു ...നിനവുകളെ ഹൃദയ ഭാണ്ഡത്തില്‍ കെട്ടിവച്ച് അയാള്‍ വേഗം മേശ പുറത്തു എഴുതി വച്ചിരുന്ന കുറിപ്പെടുത്ത്‌ പോക്കറ്റിലിട്ടു ..ജാനകി കാണാതെ വാങ്ങി കട്ടിലിനടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന പുതിയ കയര്‍ എടുത്തു പതിയെ മുത്തശ്ശി മാവിനെ ലക്ഷ്യമാക്കി നീങ്ങി...
സ്വപ്നങ്ങളിലാത്ത ദീര്‍ഘ സുഖനിദ്രയിലേക്ക് .....


Tuesday 12 February 2013

എന്നെ കുറിച്ച് എന്ത് പറയാന്‍??




അച്ഛമ്മയുടെ അതിശയോക്തി കലര്‍ന്ന പഴങ്കഥകളില്‍ അത്ഭുതം കൂറുന്ന കണ്ണുകളോടെ സഞ്ചരിയ്ക്കുകയും അച്ഛച്ഛന്‍റെ  നാടന്‍ പാട്ടുകളുടെ ശീലുകളില്‍ താളം പിടിക്കുകയും ചെയ്തിരുന്ന ബാല്യം...അവിടേക്ക് തിരിഞ്ഞോടാന്‍ ഇപ്പോളും വെമ്പുന്ന ഒരു മനസ്സും ...

അടുക്കള പടിയിയിലിരുന്ന് ,പുതു മഴ മണ്ണിനെ കുളിരണ്ണിയിക്കുമ്പോള്‍ ആ മണം ആസ്വദിച്ച് ,മറ്റാരും കാണാതെ മഴയെ പുണരാന്‍ പുറത്തേക്കോടി 'ശ്യോ കുട യെടുക്കാന്‍  മറന്നെന്ന 'പതിവ് പല്ലവിയ്കൊപ്പം വിഷാദ ഭാവം മുഖത്തു വരുത്തി ,ഉള്‍ ചിരിയോടെ വീണ്ടും മഴയിലേക്ക്‌ ഊര്‍ ന്നിറങ്ങുകയും ചെയ്തിരുന്ന കൌമാരം  ...

മരണത്തെ വെറുക്കുന്ന  ഒരറ്റ  കാരണത്താല്‍ ജീവസ്സറ്റ ശരീരം കാണാന്‍ ഇഷ്ട പെടാത്ത ....ജീവിതത്തില്‍ ഒരു വട്ടം മാത്രം ആത്മാവ് വിട്ടകന്ന മുഷിഞ്ഞ ശരീരം കണ്ട ഓര്‍മകള്‍  ഇന്നും വേദനിപ്പിക്കുന്ന... ചെറിയ കാര്യങ്ങള്‍ക്കുപോലും ഒരു പാട് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന നാടന്‍  മനസ്സ് സൂക്ഷിക്കുന്ന ഒരു സാധാ നാട്ടിന്‍പുറത്തുക്കാരി ..

അവിടെ നിന്നും പെട്ടന്നൊരു ദിവസം പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ടു ...
   ആ മടുപ്പിക്കുന്ന ഒറ്റപെടലില്‍നിന്നും നാടിന്‍റെ പച്ചപ്പിലേക്കും നിഷ്കളങ്ക സ്നേഹത്തിലേക്കും  നോക്കി നെടുവീര്‍പ്പിടുകയും
ഗ്രഹാതുരത്വം എന്ന കായലില്‍ ഊളിയിട്ട്‌ ഓര്‍മ്മകള്ടെ ഒരു കുട്ട മീനുമായി  ദിവസവും പൊങ്ങിവരുകയും  ചെയ്യുന്ന ഇപ്പോളത്തെ ജീവിതം .. ..
ഇതൊക്കെയാണ് ഞാന്‍ ..

Sunday 10 February 2013

നടന്നത് മാനഭംഗമല്ല


ഇന്നലെത്തെ പത്രം കണ്ടപ്പോള്‍ എന്‍റെ ധാര്‍മ്മിക രോഷം ഒരു അഗ്നി പര്‍വതം കണക്കെ പൊട്ടി പുറപ്പെട്ടു... പിന്നെ രാവിലെത്തെ തിരക്കിനിടയില്‍ ആ ധാര്‍മ്മിക രോഷം തണുത്തുറഞ്ഞു .. ഇന്ന് വീണ്ടും ആ ധാര്‍മിക രോഷം മുള പൊട്ടി.. ഇടയ്ക്ക് ഇങ്ങനെ മുള പൊട്ടാറുണ്ടെങ്കിലും ചിലപ്പോള്‍ അത് അടക്കുകയാണ് പതിവ്.. അപ്പോളാണ് mr.ബസന്ത്ജിയുടെ വിധിന്യായം കേട്ടത്..('ജി' ബഹുമാനപൂര്‍വ്വം ചേര്‍ത്തതാണ്..
'തെണ്ടി 'എന്നൊക്കെ വിളിച്ച് ഞാന്‍ ഒരു ഗ്രാമീണന്‍ ആണ് ഗ്രാമീണ പദം ഉപയോഗിച്ചു എന്നു പറയാന്‍ ഞാന്‍ മന്ത്രി ഒന്നും അല്ലല്ലോ) നടന്നത് മാനഭംഗമല്ലത്രേ...!!!കുട്ടി നോര്‍മ്മലും ആയിരുന്നില്ല..!!! പ്രായപൂര്‍ത്തി ആയിട്ടും ഇല്ല ...പോരാത്തതിനു വഴി തെറ്റിയ കുട്ടിയും..!!! പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടി ജയിലില്‍ പാമ്പും കോണിയും കളിച്ചു നടക്കുന്നുണ്ടെന്ന് പത്രത്തില്‍ വായിച്ചു.. പാവം കളിക്കട്ടെ.. കുട്ടിയല്ലേ... വലുതാവുമ്പോള്‍ തുറന്നു വിടാം.. അപ്പൊ ഏതെങ്കിലും കുട്ടികളെ rape ചെയ്യുമായിരിക്കും.. അപ്പോള്‍ പിടിക്കാം ..ശിക്ഷിക്കാം..അതാ നല്ലത്.. ഇവിടെ ഇപ്പോ പെണ്‍കുട്ടിക്കാണ് പ്രായ പൂര്‍ത്തി ആവാത്തത്.. പോരാത്തതിനു കുട്ടിയുടെ സമ്മതപ്രകാരമാണ് സംഭവങ്ങള്‍ നടന്നതും.. അപ്പൊ പിന്നെ പെണ്‍കുട്ടിയെല്ലേ കുറ്റം പറയാന്‍ പറ്റൂ.. ഇല വന്നു മുള്ളില്‍ വീണാലും മുള്ള് പോയി ഇലയില്‍ വീണാലും കേട് ഇലയ്ക്ക് തന്നെ.. അതായത് രണ്ടുപേരുടെ സമ്മതത്തോട് കൂടി ആണെങ്കില്‍ അത് നിയമത്തിന്‍റെ പരുതിയില്‍ വരില്ല എന്നാണോ?? അപ്പൊ പിന്നെ ബലാല്‍സംഗ വീരമാര്‍ കുറച്ചു കൂടി ക്ഷമ കാണിക്കുക . നിങ്ങള്‍ ആദൃം ഇരയെ കണ്ടെത്തുക ..പിന്നെ നന്നായി വളയ്ക്കുക...ഒടിഞ്ഞാല്‍ പിന്നെ സൂത്രത്തില്‍ കളയുക.. ഒരു നിയമവും നിങ്ങളെ ഒന്നും ചെയില്ല..
കാരണം രണ്ടുപേരുടെയും സമ്മതപ്രകാരം ആണല്ലോ എല്ലാം നടന്നത്.. നമ്മുടെ നിയമത്തിന്‍റെ ഒരു പോക്കേ.. ബഹുമാനപ്പെട്ട നീതിന്യായപീഠമേ നിനക്ക് കൂപ്പുകൈ ആത്മഗതം - ഇനി ഇതിന്‍റെ പേരില്‍ എന്നെ തൂക്കി കൊല്ലാനുള്ള വകുപ്പ് നമ്മുടെ നീതിന്യായത്തില്‍ ഉണ്ടോ എന്തോ ?? IPC എന്നോക്കെ സിനിമ യില്‍ കേട്ട പരിചയം മാത്രമേ ഉള്ളൂ... കേസ് വാദിക്കാന്‍ മുംബൈയില്‍ നിന്നും ഡല്‍ഹി യില്‍ നിന്നും പുലികളെ ഇറക്കാന്‍ എനിക്ക് ആരും ഇല്ല.. ഞാന്‍ ഒരു പാവം പ്രവാസിയാണേ ...

കാത്തിരിപ്പ്

ഒരിക്കല്‍ എന്‍റെ കൈകള്‍ നെഞ്ചോടു ചേര്‍ത്ത് അവന്‍ എന്നോട് പറഞ്ഞു ..
"ജന്മജന്മാന്തരങ്ങളായി നമ്മള്‍ ഒന്നായിരുന്നു..."
അവിശ്വസനീയതയോടെ ഞാന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി..
അവിടെ ഞാന്‍ ഞങ്ങളുടെ മുന്‍ ജന്മങ്ങള്‍ കണ്ടു..
കാലം ഒരു തീവണ്ടിയുടെ വേഗത്തില്‍ കൂകി വിളിച്ചു പാഞ്ഞു കൊണ്ടേ ഇരുന്നു..
ഏതോ ഒരു സ്റ്റേഷനില്‍ അവന്‍ ഇറങ്ങി പോയത് ഞാന്‍ ശ്രദ്ധിച്ചില്ല...
ജന്മനന്തരങ്ങളില്‍ 'അന്തരം' മാത്രം ബാക്കി ആയി..
ഇപ്പോള്‍ ഇവിടെ ഞാന്‍ കാത്തിരിക്കുന്നു ..
കാലമെന്ന തീവണ്ടിയില്‍ നിന്‍റെ വരവും കാത്ത്....